അന്താരാഷ്ട്ര ക്രിക്കറ്റിൽ എംഎസ് ധോണിയുടെ വരവ് കരിയറിനെ എങ്ങനെയാണ് ബാധിച്ചതെന്ന് തുറന്നുപറയുകയാണ് പറയുകയാണ് മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക്. ഇന്ത്യൻ ക്രിക്കറ്റിൽ ഏതെങ്കിലും സ്ഥാനം ലഭിക്കാൻ വേണ്ടി ഒരു ഓന്തിനെ പോലെ തന്റെ റോളുകൾ മാറ്റിക്കൊണ്ടിരുന്നു എന്ന് കാർത്തിക്ക് പറഞ്ഞു.
ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാൻ സാധ്യത ഉണ്ടായിരുന്ന താരമായിരുന്നു ദിനേഷ് കാർത്തിക്ക്. എന്നാൽ പിന്നീട് ധോണി വരുകയും അദ്ദേഹം ആ സ്ഥാനം ഉറപ്പിക്കുകയുമായിരുന്നു. 2004 മുതൽ 2010 വരെ ഇന്ത്യൻ ഏകദിന ടീമിലുണ്ടായിരുന്നുവെങ്കിലും സ്ഥിരമാകാൻ കാർത്തിക്കിന് സാധിച്ചില്ല. പിന്നാലെ ടീമിൽ നിന്നും പുറത്താകുകയും ചെയ്തു.
‘അതുപോലെ ഒരാൾ വരുമ്പോൾ നിങ്ങൾ സ്വയം പരിശോധിക്കണം. നിങ്ങളുടെ മികച്ചതിനെ കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടതെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിനാൽ ഞാൻ ഒരു ഓന്തിനെ പോലെയായി. ഓപ്പണിങ്ങിൽ സ്ഥാനമുണ്ടെന്ന് കണ്ടാൽ അപ്പോൾ തന്നെ ഞാൻ തമിഴ്‌നാട് ക്രിക്കറ്റിൽ ഓപ്പണിങ് പൊസിഷനുണ്ടോ എന്ന് നോക്കും, എന്നിട്ട് ചോദിക്കും സാർ ഓപ്പണിങ്ങിൽ കളിക്കാമോ? എനിക്ക് അവിടെ റൺസ് നേടാൻ സാധിക്കും. മിഡിൽ ഓർഡറിൽ സ്ഥലമുണ്ടായിരുന്നുവെങ്കിലും ഞാൻ അവിടെ കളിക്കട്ടെ എന്ന് ചോദിക്കും. എങ്ങനെയെങ്കിലും ടീമിലെത്താൻ വേണ്ടിയുള്ള ശ്രമം തുടർന്നു. എന്നാൽ അത് നിലനിർത്തുന്നതായിരുന്നു യഥാർത്ഥ വെല്ലുവിളി. ആ സമയത്ത് ഞാൻ സ്വയം ഒരുപാട് പ്രഷറിലായി. എന്താണ് യഥാർഥത്തിൽ ആവശ്യമെന്നനുസരിച്ച് പ്രവർത്തിക്കാൻ എനിക്ക് സാധിച്ചില്ല,’ കാർത്തിക്ക് പറഞ്ഞു.
