ലൈംഗികാരോപണ വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിര്‍പ്പുകളെ മറികടന്നാണ്. സഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത നിലപാടിനെ പൂര്‍ണ്ണമായും തള്ളിയാണ് രാഹുല്‍ എത്തിയത്. ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന ശേഷം വീടിന് പുറത്തിറങ്ങാതെയിരുന്ന രാഹുല്‍ ഒരു റീ എന്‍ട്രിയായാണ് നിയമസഭയിലേക്ക് എത്തിയത്.
നിയമസഭാ സമ്മേളനത്തിന്റെ തലേദിവസം ചില കോണ്‍ഗ്രസ് നേതാക്കള്‍ മുഖേന സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ രാഹുലിന് നിര്‍ദേശം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് മറുപടി നല്‍കാതെ അടുപ്പക്കാരായ നേതാക്കളോടൊപ്പമാണ് രാഹുല്‍ നിയമസഭയില്‍ എത്തിയത്.
വിഡി സതീശനെ മറികടന്നുള്ള രാഹുലിന്റെ റീ എന്‍ട്രി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പിന്തുണയോടെയാണെന്നാണ് പൊതുവിലയിരുത്തല്‍. ഇതോടെ എ ഗ്രൂപ്പിന്റെ പിന്തുണ രാഹുലിനുണ്ടെന്നതാണ് വ്യക്തമാകുന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ഷാഫിപറമ്പില്‍ എംപി, പിസി വിഷ്ണുനാഥ് എംഎല്‍എ എന്നിവരും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസനും രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിന്റെ കാര്യങ്ങള്‍ പാര്‍ട്ടി നോക്കേണ്ടതില്ലെന്നും സഭയില്‍ എത്തേണ്ട കാര്യം രാഹുലാണ് തീരുമാനിക്കേണ്ടതെന്നും മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പിലെ നേതാക്കള്‍ രാഹുലുമായി വലിയ ആത്മബന്ധമില്ലെന്നതും പരസ്യമാണ്. ഇതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം പുതിയ തലത്തിലേക്കാണ് നീങ്ങുന്നത്.
സഭയില്‍ എത്തിയ രാഹുലിനെ കോണ്‍ഗ്രസ് അംഗങ്ങളാരും തന്നെ അഭിവാദ്യം ചെയ്യുകയോ സംസാരിക്കുകയോ ചെയ്തില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആ ഭാഗത്തേക്ക് നോക്കാതെ തലകുനിച്ച് ഇരിക്കുകയായിരുന്നു. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായമായതോടെ വിഡി സതീശന്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രാഹുലിനെതിരായി ആരോപണം ഉയര്‍ന്ന സമയത്ത് നടപടി സ്വീകരിക്കണമെന്ന് പറഞ്ഞിരുന്ന പല നേതാക്കളും ഇന്ന് നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ വിഡി സതീശന്‍ രാഹുലിനെതിരെ തന്നെയാണ്. രാഹുല്‍ കോണ്‍ഗ്രസിന്റെ ഭാഗമല്ലെന്നും അടഞ്ഞ അധ്യായമാണെന്നുമാണ് സതീശന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്.
വിഡി സതീശന്റെ ഉറച്ച നിലപാട് കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിക്ക് തന്നെ കാരണമായിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തോടെ സോഷ്യല്‍ മീഡിയയില്‍ സതീശനെതിരെ സൈബറാക്രമണങ്ങളും വ്യാപകമാണ്. കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് ഹൈക്കമാന്‍ഡിന് പരാതിയും നല്‍കി. തന്നെ ഒറ്റ തിരിഞ്ഞും വ്യക്തിപരമായും ആക്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. സൈബര്‍ ആക്രമണം നടത്തുന്ന 4,000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൂന്ന് അനുയായികളാണെന്നും അവരെ കെപിസിസി സൈബര്‍ സെല്ലില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന പൊലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍, അതിന്മേല്‍ മുഖ്യമന്ത്രി തുടരുന്ന മൗനം, തൃശൂരിലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ഡിവൈഎഫ്ഐ നേതാവിന്റെ ഫോണ്‍ സംഭാഷണം തുടങ്ങിയവ ഉന്നയിച്ച് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍ ഭരണപക്ഷത്തിന്റെ കയ്യില്‍ അടിക്കാനുള്ള വടിയാണ് രാഹുല്‍ സഭയില്‍ എത്തിയതോടെ നല്‍കിയത്.
അതേസമയം, നേതൃത്വത്തെ താന്‍ ധിക്കരിച്ചിട്ടില്ലെന്നും സസ്‌പെന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്ക് വിധേയനായാണ് നില്‍ക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പിലാണെങ്കിലും സഭയില്‍ വരാന്‍ കഴിഞ്ഞത് പുതിയ ചുവടുവയ്പിന്റെ ഭാഗമായാണ് രാഹുലും അനുഭാവികളും കാണുന്നത്. വീണ്ടും പാലക്കാട് മണ്ഡലത്തില്‍ സജീവമാകാനും ശ്രമങ്ങള്‍ നടക്കുന്നതായാണ് വിവരം.
ലൈംഗികാതിക്രമ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത്. രാഹുലിനെതിരെ ഉയര്‍ന്ന 13 പരാതികളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
