ഗുരുവായൂരിൽ മഹാ ഗോപൂജ.

ഗുരുവായൂര്‍: ‘ഗ്രാമം തണലൊരുക്കട്ടെ, ബാല്ല്യം സഫലമാകട്ടെ’ എന്ന സന്ദേശമുയര്‍ത്തി, ഗുരുവായൂര്‍ ക്ഷേത്രം വടക്കേ നടയിൽ മഹാഗോപൂജ സംഘടിപ്പിയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഗോപൂജ നടക്കും. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിയ്ക്കുന്ന മഹാഗോപൂജയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ അറിയിച്ചു. ഗോപൂജയില്‍ പങ്കെടുക്കുന്ന ഗോക്കളെ, ഗുരുവായൂര്‍ എ.യു.പി സ്‌ക്കൂള്‍ പരിസരത്തുനിന്നും കൃഷ്ണ വേഷങ്ങളുടേയും, വാദ്യ ഘോഷങ്ങളുടേയും അകമ്പടിയോടെ ആനയിച്ച് ക്ഷേത്രം പ്രദക്ഷിണംവെച്ച് വടക്കേ നടയില്‍ എത്തിചേരും.

തുടര്‍ന്ന് നടക്കുന്ന ഗോപൂജയ്ക്ക്, ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരി, കീഴേടം രാമന്‍ നമ്പൂതിരി, ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തിമാരായ പുതുമന ശ്രീജിത് നമ്പൂതിരി, കിരണ്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സാമൂഹ്യാരാധനയും നടക്കും. ഗോപൂജയുടെ ഭാഗമായി സ്വാഗത സംഘം ചെയര്‍മാന്‍ പി.എസ്. പ്രേമാനന്ദന്‍ അദ്ധ്യക്ഷത വഹിയ്ക്കുന്ന സാംസ്‌ക്കാരിക സമ്മേളനം, ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണവും, മൗനയോഗി സ്വാമി ഹരിനാരായണന്‍, സ്വാമി ചിന്മയാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. ബാലഗോകുലം ജില്ല അദ്ധ്യക്ഷന്‍ പി.എസ്. നാരായണന്‍, ഭാരവാഹികൾ ആയ കെ.എം. പ്രകാശന്‍, എം.എസ്. രാജൻ, ടി.കെ. ബാലന്‍, മാധവ പ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *