12 പന്തിൽ 11 സിക്സ്; ഒരു ഓവറിൽ 40 റൺസ്; സൽമാൻ നിസാറിന്റെ തീപാറും ബാറ്റിങ്

12 പന്തിൽ 11 സിക്സ്. കേരള ക്രിക്കറ്റ് ലീഗിൽ തീപാറും ബാറ്റിങ്ങുമായി കാലിക്കറ്റിന്റെ സൽമാൻ നിസാർ. അവസാന രണ്ട് ഓവറിൽ സൽമാൻ അടിച്ചുകൂട്ടിയത് 69 റൺസാണ്. കാലിക്കറ്റ് 20 ഓവർ ബാറ്റിങ് പൂർത്തിയാക്കി 186 എന്ന സ്കോറിലേക്ക് എത്തിയപ്പോൾ 26 പന്തിൽ നിന്ന് 86 റൺസോടെ സൽമാൻ പുറത്താവാതെ നിന്നു. 330 ആണ് സൽമാന്റെ സ്ട്രൈക്ക്റേറ്റ്. 12 സിക്സ് ആണ് സൽമാന്റെ ബാറ്റിൽ നിന്ന് പറന്നത്.

ട്രിവാൻഡ്രം റോയൽസിനെതിരെ കാലിക്കറ്റ് 13.1 ഓവറിൽ 76 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് സൽമാൻ ക്രീസിലേക്ക് വന്നത്. 18-ാം ഓവർ എത്തുമ്പോൾ 115 ആയിരുന്നു കാലിക്കറ്റിന്റെ സ്കോർ. എന്നാൽ പിന്നെ കണ്ടത് സൽമാൻ നിസാറിന്റെ അത്ഭുത ബാറ്റിങ്ങ് ആണ്. പരിചയസമ്പത്ത് നിറഞ്ഞ ബേസിൽ തമ്പിയാണ് ട്രിവാൻഡ്രത്തിനായി 19ാം ഓവർ എറിയാനെത്തിയത്.

ഓവറിലെ ആദ്യ പന്തിൽ ഡീപ്പ് ബാക്ക്‌വേർഡ് പോയിന്റിലൂടെ സിക്സടിച്ച് തുടങ്ങിയ സൽമാൻ പിന്നീട് പന്ത് നിലം തൊടീച്ചില്ല. ആ ഓവറിൽ 5 പന്തുകളും സിക്സറുകളാക്കി മാറ്റി സൽമാൻ 30 റൺസ് നേടി. ഓവറിലെ അവസാന പന്തിൽ ഒരു സിംഗിൾ എടുത്ത് സ്ട്രൈക്ക് നിലനിർത്തി. അഭിജിത്ത് പ്രവീൺ ആണ് അവസാന ഓവർ എറിഞ്ഞത്. സൽമാന്റെ ബാറ്റിങ്ങിന്റെ ചൂട് അഭിജിത്തും അറിഞ്ഞു.

ഓവറിലെ ആദ്യ പന്തിൽ ലോങ് ഓഫിലൂടെ സൽമാന്റെ സിക്സ് പറന്നു. രണ്ടാം പന്ത് വൈഡും, മൂന്നാം പന്ത് നോബോളും ആയി. നോബോളിൽ രണ്ട് റൺസ് കൂടി നേടിയ സൽമാൻ, പിന്നീടുള്ള 5 പന്തുകളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്തേക്ക് പറത്തി. അവസാന ഓവറിൽ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ് ആകെ നേടിയത് 40 റൺസാണ്.

Leave a Reply

Your email address will not be published. Required fields are marked *