ബീജിങ്: ഏഴു വർഷങ്ങൾക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. ഷാങ്ഹായ് സഹകരണ(എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ ചൈന സന്ദർശനം. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുതിർന്ന ചൈനീസ്, ഇന്ത്യൻ ഉദ്യോഗസ്ഥർ സ്വീകരിച്ചു.
എസ്‌സിഒ ഉച്ചകോടിയിലെ ചർച്ചകൾക്കും വിവിധ ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും കാത്തിരിക്കുകയാണെന്ന് ചൈനയിലെത്തിയ ശേഷം പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു. ഇന്ത്യക്കെതിരായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടെ ഇന്ത്യയും ചൈനയും റഷ്യയും തമ്മിലുള്ള സഖ്യം ശക്തമാകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഉച്ചകോടി.
