ഓണം 2025- പഴംചൊല്ലുകൾ: ഓണം കേരളത്തിന്റെ സംസ്കാരത്തോടും ജീവിതത്തോടും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഉത്സവമാണ്. കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഉത്സവമായ ഓണത്തെക്കുറിച്ച് ഏറെ ചൊല്ലുകളും നമുക്കുണ്ട്. നിത്യജീവിതത്തിൽ നമ്മൾഅറിഞ്ഞും അറിയാതെയുമൊക്കെ പറഞ്ഞു പോവുന്ന, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഏതാനും ചില ഓണം പഴഞ്ചൊല്ലുകൾ ഓർക്കാം.
ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം
ഒന്നാമോണം നല്ലോണമാണെങ്കിൽ രണ്ടാമോണം കണ്ടോണമായിരിക്കും. കണ്ടുകാഴ്ചകളൊക്കെയുമായി സമൃദ്ധം. മൂന്നാമോണം മുക്കിയും മൂളിയുമാണ്. അല്ലേൽ മുക്കിലും മൂലയിലും. തിരുവോണത്തിനു ബാക്കി വന്ന വിഭവങ്ങൾ കൊണ്ട് ഒതുക്കത്തിൽ തീർക്കും. നാലാമോണം നക്കീം തുടച്ചും. അഞ്ചാമോണം പിഞ്ചോണമാണ്. അഞ്ചാം കഞ്ഞി അടുപ്പത്തും പിള്ളേരുടെ അച്ഛൻ പാടത്തുമാകും. പണിക്കിറങ്ങിയില്ലേൽ പട്ടിണിയാകുമെന്നു സാരം. ആറാമോണമാവുമ്പോഴേക്കും അരിവാളെടുത്ത് വള്ളി വെട്ടാനിറങ്ങും.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
സാമൂഹിക അവസ്ഥയെ പ്രതിനിധീകരിക്കുന്ന പഴഞ്ചൊല്ലുകളിൽ ഒന്നാണ് ഇത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാമൂഹികമായ അന്തരമാണ് പരോക്ഷമായി ഈ ചൊല്ല് സൂചിപ്പിക്കുന്നത്. സാമ്പത്തിക ഭദ്രതയുള്ളവന് ജീവിതത്തിൽ എപ്പോഴും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണനാളുകളാണെങ്കിൽ, ദാരിദ്ര്യത്തിലൂടെയും പട്ടിണിയിലൂടെയും കടന്നു പോവുന്നവനെ സംബന്ധിച്ച് ഓണമായാലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലെന്നാണ് ഈ ചൊല്ലിന്റെ ധ്വനി.

അത്തം പത്തോണം
ഓണത്തിന്റെ നാൾ വഴികളെയാണ് ഈ ചൊല്ല് സൂചിപ്പിക്കുന്നത്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ആരംഭിക്കുന്ന ഓണാഘോഷങ്ങൾ പത്തു നാൾ പിന്നിട്ട് തിരുവോണത്തിലെത്തുന്നു എന്നാണ് ഈ ചൊല്ലു കൊണ്ട് സൂചിപ്പിക്കുന്നത്.
ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം
ഈ ചൊല്ല് കേൾക്കുമ്പോൾ ദിലീപ്- നാദിർഷാ ടീമിന്റെ പഴയ പാരഡി കാസറ്റിന്റെ പേരാണ് പലർക്കും ഇന്ന് ഓർമ്മ വരിക. എന്നാൽ അതിനപ്പുറം, പ്രധാനപ്പെട്ട ഒരു കാര്യത്തിനിടയില്‍ നിസാരമായ കാര്യങ്ങൾ കൊണ്ടു വരുന്ന പ്രവണതയെ കൂടെ കളിയാക്കുന്ന ഒരു ചൊല്ലാണിത്. ഓണത്തിനു മലയാളികളുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കൂടി ഈ പഴമൊഴി സൂചിപ്പിക്കുന്നുണ്ട്.
ഓണം ഉണ്ടറിയണം
സദ്യ കഴിച്ചാലേ ഓണമറിയൂ എന്നു ചുരുക്കം. കാലം മാറിയാലും ചൊല്ലു ചൊല്ലു തന്നെയാവുന്നത് ഈ ചൊല്ലിലാണ്. ഭൂരിഭാഗം ആളുകൾക്കും ഓണമെന്നാൽ സദ്യ തന്നെയാണ്. തൂശനിലയിൽ ചോറും കറികളും വിളമ്പി ഒടുവിൽ പായസം കഴിച്ച് മത്തടിച്ച് നിവർന്നു കിടക്കുന്നതു തന്നെയാണ് ഓണം. ഓണക്കോടിയില്ലെങ്കിൽ പോലും മലയാളി ക്ഷമിച്ചെന്നിരിക്കും. പക്ഷേ, സദ്യയില്ലാതെ ഓണം ഓണമാവില്ല.
അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കണം
അവിട്ടത്തിൻ നാൾ കഴിക്കേണ്ട അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കണമെന്നാണ്. ഇതുണ്ടാക്കുന്ന പ്രക്രിയ തിരുവോണരാത്രിയിലേ തുടങ്ങും. മിച്ചം വന്ന കൂട്ടാനെല്ലാം കലർത്തി വയ്ക്കും. പിറ്റേന്ന് അല്പം പുളിച്ച ഈ വിഭവത്തെ ഒന്നു ചൂടാക്കിയാൽ പഴങ്കൂട്ടാനായി. അതു അവിട്ടത്തുന്നാൾ പഴങ്കഞ്ഞിയോടൊപ്പം കഴിക്കും. അല്ലെങ്കിൽ ഈ ചോറും കറികളും ഒരുമിച്ചാക്കി ചൂടാക്കും. ഇതാണ് അവിട്ടക്കട്ട. ഇതിനു കട്ടി കൂടുതലാണ്.
അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിച്ചു കഴിക്കണമെന്നല്ല, അതു കഴിച്ചാൽ നല്ല ശക്തിയുണ്ടാവുമെന്നാണ് പറയുന്നത്. അതായിരുന്നു പഴമക്കാരുടെ ആരോഗ്യ രഹസ്യം. ആറാം ഓണത്തിന്നു കറി വയ്ക്കാൻ അരിവാളെടുത്തു ചപ്പു പറിക്കാനിറങ്ങുന്ന പോലെ കാടിയോണമായും ആഘോഷിക്കാറുണ്ട്. തിരുവോണത്തിലെ കൊഴുത്ത കഞ്ഞിവെള്ളത്തിൽ ആറാമോണം വരെയുള്ള , മിച്ചം വരുന്ന കൂട്ടാനുകൾ കുറേശ്ശേ ചേർത്തു വയ്ക്കും. ചതയത്തിൻ നാൾ ഇതിന്റെ തെളിയൂറ്റി പകരം അന്നത്തെ അരി കഴുകിയ കാടി വെള്ളം ഒഴിച്ചു വയ്ക്കും. ആറാമോണത്തിനു ഇതിൽ ചമ്പാ പച്ചരിയിട്ടു കഞ്ഞിയുണ്ടാക്കുന്നതാണ് കാടി. കുടിച്ചാൽ തുടുതുടാന്നിരിക്കും.
ഓണം കേറാമൂല
ഇനിയും പരിഷ്കാരങ്ങളൊന്നും എത്തിനോക്കാത്ത സ്ഥലങ്ങളെ പരിഹാസരൂപേണ വിശേഷിപ്പിക്കുന്ന പേരാണ് ഓണം കേറാമൂല എന്നത്. വർഷത്തിൽ ഒരിക്കൽ എത്തുന്ന ഓണം പോലും കടന്നു വരാത്ത ഒരിടം എന്നും ഈ പ്രയോഗത്തിനു ധ്വനിയുണ്ട്.
കാണം വിറ്റും ഓണമുണ്ണണം
ഓണം സന്തോഷത്തിന്റെയും ഐശ്വര്യമാണ്. അതുകൊണ്ടു തന്നെ, വർഷത്തിലൊരിക്കൽ പ്രജകളെ കാണാനെത്തുന്ന മാവേലി തമ്പുരാനെ സന്തോഷത്തോടെ സ്വീകരിക്കണം എന്നാണ് പഴമക്കാരുടെ വിശ്വാസം. ദുരിതങ്ങൾക്കും ദാരിദ്ര്യത്തിനുമൊക്കെ അവധി കൊടുത്ത് ഓണം നാളിൽ എല്ലാവരും സന്തോഷത്തോടെ ഓണം ആഘോഷിക്കണം എന്ന ആഗ്രഹമാണ് ഈ ചൊല്ലിൽ നിറയുന്നത്. കാണം എന്നാൽ വസ്തു എന്നാണ് അർത്ഥം. കാണം വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്നാണ് ഈ ചൊല്ലിന്റെ സാരം.
ഉള്ളതുകൊണ്ട് ഓണം പോലെ
ഉള്ളതിൽ സംതൃപ്തിയോടെ കഴിയുക എന്നാണ് ഈ ഓണമൊഴി സൂചിപ്പിക്കുന്നത്. ‘ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി’ എന്ന ചൊല്ലും ഇതിന്റെ മറ്റൊരു അർത്ഥമാണ് ധ്വനിപ്പിക്കുന്നത്.
ഇതു മാത്രമല്ല, ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ഇനിയുമേറെയുണ്ട്. അത്തം വെളുത്താൽ ഓണം കറുക്കും, ഓണം പോലെയാണോ തിരുവാതിര? ഓണം മുഴക്കോലുപോലെ, അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം, ഉറുമ്പു ഓണം കരുതും പോലെ, ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര, ഓണം വരാനൊരു മൂലം വേണം, ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം, ഓണത്തിനല്ലയൊ ഓണപ്പുടവ, ഓണത്തേക്കാൾ വലിയ വാവില്ല, ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ എന്നു തുടങ്ങി രസകരമായ നിരവധിയേറെ ചൊല്ലുകൾ മലയാളത്തിലുണ്ട്.
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുരയാണ്. ഒരു ഓട്ടക്കാലണ കയ്യിലുണ്ടാവില്ല. അല്ലേലും ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി. ഓണം കാശുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്. ആ, ഓണത്തിനു പോയാൽ തിരുവാതിരയ്ക്കു പിടിക്കാം.
