അമീബിക് മസ്‍തിഷ്‍കജ്വരം; വയനാട് സ്വദേശി മരിച്ചു, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. വയനാട് സ്വദേശി രതീഷ് (45) ആണ് മരിച്ചത്. ഒരാഴ്ചയിലേറെയായി അതിഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. 20 ദിവസം മുമ്പാണ് ഇദ്ദേഹത്തെ പനി അടക്കമുള്ള രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ കാലയളവിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

ഓമശ്ശേരി സ്വദേശിയായ ഒൻപതുവയസുകാരി, മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ സ്ത്രീ, വയനാട് സ്വദേശിയായ രതീഷ് എന്നിവരാണ് മരണപ്പെട്ടത്. കാസർകോട് സ്വദേശിയായ യുവാവും അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നിലവിൽ 11 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും അമീബിക് മസ്തിഷ്കജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചൂട് കൂടിയത് രോഗകാരിയായ അമീബയുടെ സാന്നിധ്യം വർധിപ്പിച്ചു. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതൽ കേസുകൾ കണ്ടെത്താൻ സഹായകമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബകളാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ് ഏറ്റവും അപകടകരം. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. ഇതൊരു പകർച്ചവ്യാധിയല്ല.

രോഗലക്ഷണങ്ങൾ

അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഛർദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അസഹ്യമായ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളോടെ മെനിഞ്ചൈറ്റിസ് ബാധിച്ചാണ് രോഗികളെല്ലാം ആശുപത്രിയിൽ എത്തുന്നത്. മെനിഞ്ചൈറ്റിസിനുള്ള ചികിത്സ നൽകിയിട്ടും രോഗം ഭേദമാകാത്ത സാഹചര്യത്തിലാണ് അമീബിക് മസ്തിഷ്കജ്വരമാണോയെന്ന് തിരിച്ചറിയാൻ സ്രവ പരിശോധന നടത്തുന്നത്.

രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം. 2024-ൽ 38 രോഗസ്ഥിരീകരണവും എട്ട് മരണവും 2025-ൽ 12 രോഗ സ്ഥിരീകരണവും ആറ് മരണവുമാണ് ഉണ്ടായിട്ടുള്ളത്. 97 ശതമാനം മരണനിരക്കുള്ള ഈ രോഗം ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *