ഓണം റിലീസായി ഓഗസ്റ്റ് 28-നാണ് ലോക ചാപ്റ്റർ 1: ചന്ദ്ര തിയേറ്ററുകളിളെത്തിയത്. വലിയ പ്രമോഷൻ ഇല്ലാതിരുന്നിട്ടും മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം വൻഹിറ്റായി മാറുന്ന കാഴ്ചയാണ് കാണുന്നത്. റിലീസ് കഴിഞ്ഞ് വെറും എട്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോള തലത്തിൽ 101 കോടിയിലേറെ കളക്ഷൻ നേടി. ആദ്യം മലയാളം, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുകയായിരുന്നു.
ഇപ്പോഴിതാ, ലോകയുടെ ലാഭവിഹിതം ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി പങ്കുവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ ദുൽഖർ സൽമാൻ. “ലോക സിനിമ അഞ്ച് ഭാഗങ്ങളായാണ് പദ്ധതിയിട്ടിരിക്കുന്നത്. അതിനിയും വലുതാകുമോ എന്ന് അറിയില്ല. അത്രയും സാധ്യതകളുള്ള ഒരു കഥയാണ്. സിനിമയുടെ ലാഭം വരുമ്പോൾ തീർച്ചയായും അത് ഞങ്ങളുടെ ടീമിനൊത്ത് പങ്കുവയ്ക്കും. അവരാണ് അത് അർഹിക്കുന്നത്. സിനിമയ്ക്ക് ഇത്രവലിയ സ്വീകര്യത ലഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഞാൻ എത്രയോ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിനെക്കാളൊക്കെ മുകളിൽ സ്നേഹവും അഭിനന്ദങ്ങളും ലഭിക്കുന്നുണ്ട്. അടുത്ത സിനിമകൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർത്തണം എന്ന ഉത്തരവാദിത്വവും ഇപ്പോൾ വന്നിട്ടുണ്ട്,” ദുൽഖർ പറഞ്ഞു. ലോകയുടെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.
സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി നായികയായി എത്തിയ ലോക ആദ്യം ഇന്ത്യയിലുടനീളം വെറും 647 ഷോകളോടെയാണ് റിലീസ് ചെയ്തത്. എന്നാൽ മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം ശ്രദ്ധ നേടുകയും മലയാളത്തിൽ മാത്രം 1382 ഷോകളിലേക്ക് ഉയരുകയും ചെയ്തു. തെലുങ്കിൽ 597 ഷോകളാണ് ചിത്രത്തിനുണ്ടായത്. ഹിന്ദിയിൽ ഇതിനകം 92 ഷോകൾ ചിത്രം പൂർത്തിയാക്കി കഴിഞ്ഞു. കല്യാണി പ്രിയദർശനോടൊപ്പം സാൻഡി, നസ്ലെൻ, അരുണ്‍ കുര്യൻ, ചന്തു സലിംകുമാർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
2025-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് ലോക ഇപ്പോൾ. ആദ്യ രണ്ട് സ്ഥാനങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാൻ, മോഹൻലാലിന്റെ തുടരും എന്നിവയാണ് ഉള്ളത്.
