കവിയും കലാകാരനുമായ മേൽശാന്തി

ഗുരുവായൂർ: അധ്യാപകൻ, കലാകാരൻ, കവി, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം ശോഭിച്ച വ്യക്തിത്വമാണ്
ഗുരുവായൂർ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം മൂർത്തി യേടത്തു മനയിൽ ശ്രീ.സുധാകരൻ നമ്പൂതിരി. അടിമുടി കലാകാരൻ. സഹൃദയൻ.
അസ്സലായി മൃദംഗം വായിക്കും.
കവിതയെഴുതും .പാടും .
ഗംഭീരമായി കവിത ചൊല്ലും.
താളക്രമങ്ങളെപ്പറ്റി ക്‌ളാസെടുക്കും.

മലയാള സാഹിത്യത്തിൽ എം എ. ബി.എഡ് ബിരുദധാരി. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളായി സർവ്വീസിൽ നിന്നു വിരമിച്ചു.രണ്ട് പുസ്തകങ്ങൾ രചിച്ചു. തള്ളയിലൊട്ടി, ജീവിതത്തെയും മരണത്തെയും കുറിച്ച് – എന്നിവയാണവ. മൃദംഗം, ഘടം വാദനത്തിൽ ആകാശവാണിയുടെ ബി ഹൈ ഗ്രേഡുള്ള കലാകാരനാണ്.നിലവിൽ പൂത്രീകാവിൽ ശിവക്ഷേത്രം മേൽശാന്തിയാണ്. “എല്ലാം ഭഗവാൻ്റെ അനുഗ്രഹം. വാക്കുകളിൽ കൂടി പ്രകടിപ്പിക്കാൻ കഴിയാത്തതത്ര സന്തോഷവും .ഗുരുവായൂരപ്പൻ്റെ കടാക്ഷം തന്നെ.” _ മേൽശാന്തിയായി തെരഞ്ഞെടുത്തതിനെപ്പറ്റി അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെ .

കല്ലടി ഹൈസ്ക്കൂളിൽ നിന്നും പ്രധാന അധ്യാപികയായി വിരമിച്ച ഷാജിനിയാണ് സഹധർമ്മിണി. രണ്ടു മക്കൾ. സുമനേഷ്, നിഖിലേഷ്. 59 കാരനായ സുധാകരൻ നമ്പൂതിരി നാലാം തവണയാണ് മേൽശാന്തി നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. സഹോദരൻ മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി മുൻ ഗുരുവായൂർ മേൽശാന്തിയാണ്. 2024 ലെ ഗുരുവായൂരപ്പന്റെ ഏകാദശി വിളക്ക് ആരംഭ ദിവസം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന മീരഹരിയുടെ സംഗീതക്കച്ചേരിക്ക് ഘടം വായിച്ചതും സുധാകരൻ നമ്പൂതിരിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *