വാദപ്രതിവാദങ്ങൾക്കൊടുവിൽ നാളെ പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം. ഏഴ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ അറിയിച്ചു. 3500 പ്രതിനിധികളാണ് പങ്കെടുക്കുക. തമിഴ്നാട് സർക്കാർ മാത്രമാണ് ദേവസ്വം ബോർഡിൻ്റെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കാനെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാസുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. രാവിലെ ആറ് മുതൽ ഒൻപത് വരെയാണ് രജിസ്‌ട്രേഷൻ നടപടികൾ നടക്കുക. വലിയ രീതിയിലുള്ള
രാഷ്ട്രീയ ചർച്ചകൾക്കാണ് ആഗോള അയ്യപ്പ സംഗമം വഴിയൊരുക്കിയത്. ആഗോള അയ്യപ്പ സംഗമത്തെ മതേതര കേരളം പിന്തുണയ്ക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുമ്പോൾ സർക്കാരിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
എന്താണ് ആഗോള അയ്യപ്പ സംഗമം?
ശബരിമലയെ ഒരു ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണ് ആഗോള അയ്യപ്പ സംഗമം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സംഗമം നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരെയും വിവിധ സംഘടനകളെയും ഒരുമിച്ച് കൊണ്ടുവന്ന് ശബരിമലയുടെ ഭാവിക്കായി ഒരു പൊതു നയം രൂപീകരിക്കാനും വികസന സാധ്യതകൾ ചർച്ച ചെയ്യാനുമാണ് ആഗോള അയ്യപ്പ സംഗമം ലക്ഷ്യമിടുന്നത്. പ്രധാനമായും മൂന്ന് വിഷയങ്ങളാണ് ആഗോള അയ്യപ്പ സംഗമത്തിൽ ചർച്ച ചെയ്യുന്നത്.
ശബരിമല മാസ്റ്റർ പ്ലാൻ: നിലവിലുള്ളതും പുതിയതുമായ വികസന പദ്ധതികൾ ചർച്ച ചെയ്യുക, ശബരിമലയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നത്. ഇതിൽ 355 കോടി രൂപയുടെ നാല് പ്രധാന പദ്ധതികൾ ഉൾപ്പെടുന്നുണ്ട്.
തീർത്ഥാടക ടൂറിസം: ശബരിമലയെ ആധ്യാത്മിക ടൂറിസത്തിന്റെ ഭാഗമാക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇതിലൂടെ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.
തിരക്ക് നിയന്ത്രണം: മണ്ഡല-മകരവിളക്ക് സമയങ്ങളിൽ ശബരിമലയിലെ വൻ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുകയെന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
രാഷ്ട്രീയ വാഗ്വാദങ്ങൾ
അയ്യപ്പ സംഗമത്തിനെതിര വലിയ രാഷ്ട്രീയ ചർച്ചകളും വിവാദങ്ങളും ഉയർന്നു വന്നിരുന്നു. ആഗോള അയ്യപ്പ സംഗമം തികച്ചും ഒരു രാഷ്ട്രീയ പരിപാടിയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ദേവസ്വം ബോർഡിന്റെ മറവിൽ സർക്കാർ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്നതിന് ശേഷം ഭക്തജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടെന്ന് കരുതുന്ന സർക്കാർ അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരെടുത്ത നിലപാട് തിരുത്താൻ തയ്യാറാകുമോയെന്ന് ചോദിച്ച പ്രതിപക്ഷം ശബരിംല പ്രക്ഷോഭകാലത്തെടുത്ത കേസുകൾ പിൻവലിക്കുമോയെന്നും വനിതാമതിൽ തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിക്കുമോയെന്നും ചോദിച്ചു.
രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഒരു പരിപാടിക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് കാണിച്ച് ചില വ്യക്തികളും സംഘടനകളും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ അനുമതിയോടെയാണ് പരിപാടി നടത്തുന്നതെന്നും, ഫണ്ട് ഉപയോഗം സുതാര്യമായിരിക്കണമെന്നും കോടതികൾ നിർദ്ദേശിച്ചു.
ആഗോള അയ്യപ്പ സംഗമത്തിന്റെ പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയതും വിവാദമായി. ഇത്തരം പരസ്യങ്ങളിൽ സാധാരണയായി അയ്യപ്പന്റെ ചിത്രം ഉൾപ്പെടുത്താറുണ്ട്, എന്നാൽ ഈ പ്രചാരണങ്ങളിൽ അത് ഉണ്ടായിരുന്നില്ലെന്നും, ഇത് സർക്കാരിന്റെ താല്പര്യങ്ങൾക്കനുസരിച്ചുള്ള ഒരു പരിപാടിയാണെന്നും പ്രതിപക്ഷം വിമർശിച്ചു.
ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ പരിപാടി ബഹിഷ്കരിച്ചു. ഇതിന് ബദലായി ഡൽഹിയിൽ ഒരു ‘വിശ്വാസ സംഗമം’ നടത്താനും തീരുമാനിച്ചു. ശബരിമല യുവതീപ്രവേശന വിധിയിൽ വിയോജനക്കുറിപ്പ് എഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് ഈ പരിപാടിയിലെ മുഖ്യ അതിഥി.
ദേവസ്വം ബോർഡിന്റെ നിലപാട്
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളെയും ദേവസ്വം ബോർഡ് തള്ളിക്കളഞ്ഞു. ഈ സംഗമം തികച്ചും ആധ്യാത്മികവും തീർത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയാണെന്ന് ബോർഡ് പ്രസിഡന്റും ദേവസ്വം മന്ത്രിയും വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കുന്നവർ യഥാർത്ഥ അയ്യപ്പഭക്തരും വിവിധ സംഘടനകളുടെ പ്രതിനിധികളും ആയിരിക്കുമെന്നും, ഇതിൽ രാഷ്ട്രീയമില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
