ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് തിരിച്ചടിയായി H-1B വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (88 ലക്ഷം രൂപ) ഈടാക്കാനുള്ള വിജ്ഞാപനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനും രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്ന് അറിയിച്ച് കൊണ്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
യുഎസ് കമ്പനികളിലേക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ മികച്ച വൈദഗ്ധ്യം മനസിലാക്കാൻ വേണ്ടിയാണ് പുതിയ പ്രഖ്യാപനമെന്നാണ് വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വിൽ ഷാർഫിൻ്റെ വാദമെന്ന് ഇക്കണോമിക്ക് ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഒപ്പുവെച്ച പുതിയ ഉത്തരവ് പ്രകാരം, H-1B വിസയ്‌ക്കായുള്ള അപേക്ഷ ഫീസ് 100,000 ഡോളർ (88 ലക്ഷം) ആക്കുകയാണ്. വിസ ലോട്ടറി രജിസ്ട്രേഷൻ ഫീസ് 215 ഡോളറും, സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് 780 ഡോളറും ആയിരുന്നു നിലവിൽ നൽകേണ്ടിയിരുന്നത്.
വലിയ കമ്പനികൾ ഇനി വിദേശ തൊഴിലാളികളെ പരിശീലിപ്പിക്കില്ലെന്നും യുഎസിലെ സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികളെയാണ് പരിശീലിപ്പിക്കേണ്ടതെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹവേഡ് ലുട്നിക്ക് പറഞ്ഞു. അതേസമയം, വൈറ്റ് ഹൗസ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം, ഈ ഫീസ് വാർഷികമായോ, അപേക്ഷയ്ക്കായോ മാത്രമോ അടയ്ക്കേണ്ടതാണോ എന്ന് വ്യക്തതയില്ല.രേഖയിൽ അപേക്ഷാ ഫീസായി മാത്രമാണ് പരാമർശിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗോൾഡ് കാർഡ് വിസ പദ്ധതിയും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. 1 മില്യൺ ഡോളർ (8.3 കോടി) ആണ് ഗോൾഡ് കാർഡ് വിസയ്ക്ക് നൽകേണ്ടി വരിക. ട്രഷറിയിലേക്ക് അടയ്ക്കുന്ന വ്യക്തികൾക്കും, 2 മില്യൺ ഡോളർ (16.6 കോടി) ചെലവഴിച്ച് ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്കും പ്രത്യേക വിസ ലഭിക്കുമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ വർഷം ഏകദേശം 4 ലക്ഷം H-1B വിസ അപേക്ഷകൾ അംഗീകരിക്കപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. സിലിക്കൺ വാലിയിലെ ടെക് കമ്പനികളും, അക്കൗണ്ടൻസി, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളും H-1B വിസകളെ ഏറെ ആശ്രയിക്കുന്നു.
ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു എച്ച് വൺ ബി വിസയ്ക്ക് മുൻപ് ഈടാക്കിയിരുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും തൊഴിലുടമയാണ് അടക്കേണ്ടിയിരുന്നത്.10,000ത്തിൽ അധികം എച്ച്-1ബി വിസകൾ നേടി ആമസോൺ ആണ് ഈ വർഷം മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നാലെ ടാറ്റാ കൺസൾട്ടൻസി, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ എന്നിവയുമുണ്ട്. കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ എച്ച്-1ബി തൊഴിലാളികളുള്ളത്.
H1-B വിസ എന്നത് ഒരു തരം അമേരിക്കൻ നോൺ-ഇമ്മിഗ്രന്റ് വിസയാണ്. ഇത് യുഎസിലെ തൊഴിൽദാതാക്കൾക്ക് പ്രത്യേക തൊഴിൽ വൈദഗ്ധ്യം ആവശ്യമുള്ള സ്ഥാനങ്ങളിലേക്ക് വിദേശ തൊഴിലാളികളെ നിയമിക്കാൻ അവസരം നൽകുന്നു. സാധാരണയായി, ഈ വിസയ്ക്ക് ഒരു ബാച്ചിലർ ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ആവശ്യമാണ്. 1990-ലാണ് എച്ച്1-ബി വിസ പദ്ധതി ആരംഭിച്ചത്. കുറഞ്ഞ വേതനം നൽകാനും തൊഴിൽ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കാനും ഇത് കമ്പനികളെ അനുവദിച്ചിരുന്നു.
ഇതൊരു നോൺ-ഇമ്മിഗ്രന്റ് വിസയായതിനാൽ, ഇത് യുഎസ് പൗരത്വത്തിലേക്കോ സ്ഥിരതാമസത്തിലേക്കോ ഉപയോഗപ്രദമാകില്ല. വിസയുടെ കാലയളവ് സാധാരണയായി മൂന്ന് വർഷമാണ്. അതേസമയം, ഇത് ആറ് വർഷം വരെ നീട്ടാൻ സാധിക്കും.
