അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കാൻ പുതിയ മാർഗനിർദ്ദേശവുമായി അബുദാബി. 15 വയസിൽ താഴെയുള്ള കുട്ടികൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ മുതിർന്ന ഒരാൾ കൂടെ ഉണ്ടാകണമെന്നും ഒറ്റയ്ക്ക് കുട്ടികളെ സ്കൂളിൽ നിന്ന് വിടില്ലെന്നുമാണ് പുതിയ നിർദ്ദേശത്തിൽ പറയുന്നത്. ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞ ആഴ്ച രക്ഷിതാക്കൾക്ക് നൽകി.
കുട്ടികളുടെ സുരക്ഷാ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആണ് പുതിയ നടപടിയെന്ന് ദി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളേജ് (എ ഡി ഇ കെ ) അറിയിച്ചു. സ്കൂളുകൾ ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പുള്ള 45 മിനിറ്റും അവസാനിച്ച ശേഷമുള്ള
90 മിനിറ്റ് വരെയും വിദ്യാർത്ഥികളെ നിരീക്ഷിക്കാനായി സൂപ്പർവൈസർമാരെ നിയോഗിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനി മുതൽ ഒരു മുതിർന്ന വ്യക്തി കൂടെയില്ലാതെ സ്കൂളിലേക്ക് വരാനോ പോകാനോ അനുവാദമില്ല.
ഒറ്റയ്ക്ക് നടന്നു പോകാണ് കുട്ടികളെ അനുവദിക്കില്ല. ടാക്സി, സ്വകാര്യ കാറുകൾ,മറ്റു ബസുകൾ എന്നിവയിൽ സ്കൂളിലേക്ക് വരാനും പോകാനും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒറ്റക്ക് സഞ്ചരിക്കാൻ ഇനി അനുമതിയില്ല. മുതിർന്ന ആളുകൾ ഒപ്പമില്ലെങ്കിൽ ക്യാമ്പസ് വിട്ടുപോകുന്നതിൽ നിന്ന് കുട്ടികളെ വിലക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു.
സ്കൂളുകൾക്ക് തൊട്ടടുത്ത് താമസിക്കുന്ന കുട്ടികൾക്കും പുതിയ നിയമം ബാധകമാണ്. എന്നാൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൈക്കിളിൽ സഞ്ചരിക്കാൻ അനുമതിയുണ്ട്. ഇതിനായി മാതാപിതാക്കളുടെ സമ്മതപത്രം അധികൃതർക്ക് നൽകണം.
മാതാപിതാക്കൾ നിർദേശിക്കുന്ന ആൾക്ക് സ്കൂളിൽ നിന്ന് കുട്ടികളെ കൂട്ടികൊണ്ട് പോകാം. ഇയാളുടെ വിവരങ്ങൾ സ്കൂൾ അധികൃതർക്ക് എഴുതി നൽകണം. ഓരോ തവണയും ഈ വ്യക്തി സ്കൂളിൽ എത്തുമ്പോൾ ഐ ഡി പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ കുട്ടിയെ വിടാൻ പാടുള്ളു. അതിനൊപ്പം തന്നെ ഈ വിവരങ്ങൾ സ്കൂൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യണം. സ്കൂൾ ബസ് അല്ലാതെയുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം അധികൃതർക്ക് ഉണ്ടാകില്ലെന്നും പുതിയ നിർദേശത്തിൽ പറയുന്നു.
