തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചു. മരിച്ചവരിൽ 14 സ്ത്രീകളും 6 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കരൂർ വേലുച്ചാമിപുരത്താണ് അപകടം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കരൂരിലെത്തും. ആശങ്കാ ജനകമായ സാഹചര്യമെന്നും അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു.
ഉച്ചയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ഏറെ വൈകിയാണ് തുടങ്ങിയത്. ആൾക്കൂട്ടം അനിയന്ത്രിതമായി എത്തിയപ്പോൾ, നിയന്ത്രിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. പ്രസംഗം പകുതിയിൽ നിർത്തിയെങ്കിലും, അപ്പോഴേക്കും സ്ഥിഗതികൾ കൈവിട്ടുപോവുകയായിരുന്നു. 58 പേർക്കാണ് തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റത്. 17 പേരുടെ പരുക്ക് ഗുരുതരമാണെന്ന് മുൻ മന്ത്രി സെന്തിൽ ബാലാജി അറിയിച്ചു. ആശങ്കാ ജനകമായ സാഹചര്യമെന്നും അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതായും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചു.
