‘ഇന്ത്യയുടെ ആദ്യ വനിത സൂപ്പർഹീറോ’; കല്യാണിയെ പുകഴ്ത്തി പ്രിയങ്ക ചോപ്ര

മലയാള സിനിമയിലെ ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചിത്രം ‘ലോക’യെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. ആ​ദ്യവാരത്തിൽ തന്നെ 100 കോടി കളക്ഷൻ നേടിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ലോകയെ പ്രശംസിച്ച് ഏറ്റവും ഒടുവിൽ രം​ഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.

ചിത്രത്തിലെ നായികയായ കല്യാണി പ്രിയദർശനെ ‘ഇന്ത്യയുടെ ആദ്യ വനിത സൂപ്പർഹീറോ’ എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. സിനിമ ഇതിനകം തന്നെ മലയാളിയുടെ ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ടെന്നും ഇപ്പോൾ ഹിന്ദിയിലും പുറത്തിറങ്ങിയതായും പ്രിയങ്ക പറഞ്ഞു. സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. നടി ആലിയ ഭട്ടും നടൻ അക്ഷയ് കുമാറും ചിത്രത്തെ പ്രശംസിച്ചിട്ടുണ്ട്.

‘പുരാണ നാടോടികഥകളുടെയും നിഗൂഢതയുടെയും ഒരു പുതുമയുള്ള മിശ്രിതം! അതിന് ലഭിക്കുന്ന സ്നേഹം കാണുമ്പോൾ വളരെ സന്തോഷം. ഇത്തരം ശ്രമങ്ങൾക്ക് എന്നും പിന്തുണ നൽകും’ എന്നായിരുന്നു ആലിയ ഭട്ട് കുറിച്ചത്. കുടുംബത്തിൽ എല്ലാവരും ഒരുപോലെ കഴിവുളളവരാണ് എന്ന് കേട്ടിടുണ്ട്, ഇപ്പോൾ കണ്ടു എന്നായിരുന്നു അക്ഷയ് കുമാറിൻറെ പ്രതികരണം.

ഡൊമിനിക് അരുണാണ് ചിത്രം സംവിധാനം ചെയ്തത്. കല്യാണിക്ക് പുറമേ, നസ്‌ലെൻ, സാൻഡി, അരുൺ കുര്യൻ, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, വിജയരാഘവൻ, നിത്യശ്രീ, ശരത് സഭ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു. ചിത്രം തിയറ്ററിലെത്തി ആദ്യ വാരത്തിനുള്ളിൽ തന്നെ കലക്ഷൻ 100 കോടി കടന്നു. ദക്ഷിണേന്ത്യയിൽ, വനിത കേന്ദ്ര കഥാപാത്രമായ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമയായി ഇത് മാറി.

Leave a Reply

Your email address will not be published. Required fields are marked *