ലഹരിവ്യാപാരത്തിന്റെ വേരറുക്കാൻ ‘തൂഫാൻ ഇന്റലിജൻസ്’; പൊതുജനങ്ങളുടെ സഹായം തേടി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയുടെ വേരുകൾ പിഴുതെറിയുന്നതിനും മയക്കുമരുന്ന് ശൃംഖലയുടെ യഥാർത്ഥ ഉറവിടം കണ്ടെത്തുന്നതിനുമായി “തൂഫാൻ ഇന്റലിജൻസ്” എന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരളത്തെ സമ്പൂർണ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ ഇതുവരെ 828 കേസുകൾ രജിസ്റ്റർ ചെയ്തതായും 795 പേരെ അറസ്റ്റ് ചെയ്തതായും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം നിർണായകമാണെന്നും രഹസ്യ വിവരങ്ങൾ കൈമാറാൻ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവരങ്ങൾ കൈമാറുന്നതിനായി 9497979794, 9497927797, 9995966666 എന്നീ നമ്പറുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിഗത വിവരങ്ങളും സ്വകാര്യതയും പൂർണമായും സംരക്ഷിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
60 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ വൻ തോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. 625 ഗ്രാം എംഡിഎംഎ, 48.49 കിലോഗ്രാം കഞ്ചാവ്, 136 ഗ്രാം ഹാഷിഷ് ഓയിൽ, 480 കഞ്ചാവ് ബീഡികൾ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ വിപണി മൂല്യം ഏകദേശം 60 ലക്ഷം രൂപ വരുമെന്നാണ് കണക്കാക്കുന്നത്.
ലഹരിവ്യാപാരത്തിനെതിരായ പോരാട്ടത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കൊപ്പം ശക്തമായ നിയമനടപടികളും തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരിന്റെ ഡി-ഹണ്ട് പദ്ധതിയുടെ തുടർച്ചയായും പുതിയ നടപടികൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ പരിസരങ്ങളിൽ പുകയിലയും ലഹരിവസ്തുക്കളും അനുവദിക്കില്ല
സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം പുകയില ഉത്പന്നങ്ങളോ നിരോധിത ലഹരിവസ്തുക്കളോ വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ടാണ് ഇത്തരം അനധികൃത വ്യാപാരങ്ങൾ നടക്കുന്നതെന്നും അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ലഹരി ശൃംഖലയുടെ പ്രധാന കണ്ണികൾ പിടിയിൽ
കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലയിലെ പ്രധാന കണ്ണികളായ രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞതും വലിയ നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി.
പന്തളത്ത് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനായ സാമുവലിനെ ഡൽഹിയിൽ നിന്ന് പിടികൂടി. കൂടാതെ പെരിനാട് കേസിൽ പ്രതിയായ വിദേശ വനിത എൽസീന സന്താൻ സൂസനെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യാനും പോലീസിന് സാധിച്ചു. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ പ്രധാന ഉറവിടങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളാണ് ഇവരെന്നും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
“ലഹരിക്കെതിരായ പോരാട്ടം ജനകീയമാക്കും”
ലഹരിമാഫിയക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, കേരളത്തെ “ട്രഗ് ഫ്രീ സ്റ്റേറ്റ്” ആക്കാനുള്ള ദൗത്യത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു. ലഹരിവ്യാപാര ശൃംഖലയെ പൂർണമായും തകർക്കുന്നതുവരെ സർക്കാർ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
