പട നയിച്ചവന്‍ നാടിനും നായകന്‍; വി.ഡി. സതീശന്‍ കേരളത്തിന്റെ 13-ാം മുഖ്യമന്ത്രി

കേരള രാഷ്ട്രീയത്തിലെ പതിനൊന്നുദിവസം നീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ഒടുവില്‍ വിരാമമായി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് നടത്തിയ അന്തിമ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയെ കുറിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. ഇതോടെ ദിവസങ്ങളായി രാഷ്ട്രീയവൃത്തങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്ന അനുമാനങ്ങള്‍ക്ക് അവസാനമായി.

മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന നിമിഷം വരെ കെ.സി. വേണുഗോപാലിന്റെ പേരും ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവും പാര്‍ട്ടിയുടെ വിശാല താത്പര്യവും മുന്‍നിര്‍ത്തി കെ.സി. വേണുഗോപാല്‍ പിന്മാറിയതോടെയാണ് വി.ഡി. സതീശന്‍റെ പ്രഖ്യാപനം ഔദ്യോഗികമായത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങളും എംഎല്‍എമാരുടെ നിലപാടുകളും ഘടകകക്ഷികളുടെ പിന്തുണയും പരിഗണിച്ച ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടതെന്നാണ് എഐസിസിയുടെ വിശദീകരണം.

എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും വലിയ ആഘോഷത്തിലാണ്. വിവിധ ജില്ലകളില്‍ ഫ്ലക്സുകളും ആഹ്ലാദ പ്രകടനങ്ങളും ആരംഭിച്ചു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശക്തമായ രാഷ്ട്രീയ നിലപാടുകളും സര്‍ക്കാരിനെതിരായ ആക്രമണാത്മക സമീപനവും സ്വീകരിച്ച വി.ഡി. സതീശന്റെ ജനപ്രീതി തീരുമാനത്തില്‍ നിര്‍ണായകമായതായി വിലയിരുത്തപ്പെടുന്നു. “പട നയിച്ചവന്‍ നാടിനെയും നയിക്കട്ടെ” എന്ന വികാരമാണ് പ്രവര്‍ത്തകരും പൊതുജനങ്ങളും ശക്തമായി ഉയര്‍ത്തിക്കാട്ടിയത്. സംസ്ഥാനത്തുടനീളം ഉയര്‍ന്ന ഈ പൊതുവികാരമാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ സ്വാധീനിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകകക്ഷികളും വി.ഡി. സതീശന് അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ രാഹുല്‍ ഗാന്ധി കെ.സി. വേണുഗോപാലിനെ വസതിയിലേക്ക് വിളിപ്പിച്ച് പ്രത്യേക ചര്‍ച്ച നടത്തിയതും തീരുമാനം വേഗത്തിലാക്കാന്‍ കാരണമായി. കേരള കോണ്‍ഗ്രസിന്റെ പുതിയ അധ്യായത്തിന് തുടക്കമിടുന്ന പ്രഖ്യാപനമായി ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍റെ ആദ്യ നീക്കങ്ങളും മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഇനി രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകും.

Leave a Reply

Your email address will not be published. Required fields are marked *