CBSE പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 82.50% വിജയം, മുന്നിൽ തിരുവനന്തപുരം മേഖല

കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ ഇടിവ്; പെൺകുട്ടികൾ വീണ്ടും മുന്നിൽ

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾ കാത്തിരുന്ന CBSE പ്ലസ് ടു (Class 12) പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിച്ചു. ഈ വർഷം 82.50 ശതമാനം വിദ്യാർഥികളാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേഖല അടിസ്ഥാനത്തിലുള്ള വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല വീണ്ടും മുന്നിലെത്തി

ഈ വർഷം ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പരീക്ഷയിൽ രാജ്യത്തുടനീളം 18,59,551 വിദ്യാർഥികൾ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാർഥികൾ പരീക്ഷയെഴുതിയിരുന്നു. ഫലം പുറത്തുവന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും ഫലം അറിയാനായി ഔദ്യോഗിക വെബ്സൈറ്റുകളിലേക്ക് ഒഴുകുകയാണ്.

വിജയശതമാനത്തിൽ ഇത്തവണയും പെൺകുട്ടികളാണ് മുൻപന്തിയിൽ. പെൺകുട്ടികളുടെ വിജയശതമാനം 88.86 ശതമാനമായി ഉയർന്നപ്പോൾ ആൺകുട്ടികളെക്കാൾ മികച്ച പ്രകടനമാണ് അവർ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷവും പെൺകുട്ടികളായിരുന്നു മുന്നിൽ.

കഴിഞ്ഞ വർഷം രാജ്യത്തെ മൊത്തം വിജയശതമാനം 88.39 ശതമാനം ആയിരുന്നു. 2025-ൽ പരീക്ഷയെഴുതിയ പെൺകുട്ടികളിൽ 91.64 ശതമാനം പേരും വിജയിച്ചപ്പോൾ, ആൺകുട്ടികളുടെ വിജയശതമാനം 85.70 ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷം മേഖല തിരിച്ചുള്ള വിജയത്തിൽ വിജയവാഡ (99.60%), തിരുവനന്തപുരം (99.32%), ചെന്നൈ (97.39%) എന്നീ മേഖലകളായിരുന്നു മുന്നിൽ.

ഫലം പരിശോധിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റുകൾ

വിദ്യാർഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ഫലം പരിശോധിക്കാം:
cbse.gov.in
results.cbse.nic.in
cbseresults.nic.in
digilocker.gov.in

കൂടാതെ UMANG ആപ്ലിക്കേഷൻ വഴിയും പരീക്ഷാഫലം ലഭിക്കും.

ഫലം പരിശോധിക്കാൻ ആവശ്യമായ വിവരങ്ങൾ

ഫലം അറിയുന്നതിനായി വിദ്യാർഥികൾക്ക് താഴെപ്പറയുന്ന വിവരങ്ങൾ ആവശ്യമാണ്:

  • റോൾ നമ്പർ
  • സ്കൂൾ നമ്പർ
  • ജനനത്തീയതി
  • അഡ്മിറ്റ് കാർഡ് ഐഡി

ഫലം ലഭിച്ചതിന് പിന്നാലെ ഉന്നതപഠന പ്രവേശന നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. എൻജിനീയറിംഗ്, മെഡിക്കൽ, ആർട്സ് & സയൻസ് കോളജുകളിലേക്കുള്ള അഡ്മിഷൻ പ്രക്രിയകൾ ഉടൻ ആരംഭിക്കാനിരിക്കെ, വിദ്യാർഥികൾക്ക് ഇനി അടുത്ത ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *