ഓണം വന്നോണം വന്നേ
മോദമോടോണം വന്നേ
അത്തം പത്തിനു ഓണമാണേ
ഓണച്ചന്തകളതുഷാറിലായ്
എവിടെയും തിക്കുംതിരക്കും!
ഓണമതു പൊടിപൊടിയ്ക്കാൻ
പച്ചക്കറികളും വ്യഞ്ജനവും
സുലഭമായ്,വാങ്ങാൻ വരുന്ന
വരേറെയായ്.
ഓണക്കോടിയെടുക്കുവാനായ്
തിരക്കുകളാണിന്നു നഗരങ്ങളിൽ
കസവുടയാടകൾ മിന്നിത്തിളങ്ങിടുന്നു
കടകളിലേറേ മനോഹരമായ്!
ഇഞ്ചിക്കറിയും,കാളനും,
വറുത്തുപ്പേരിയും, അച്ചാറു
തന്നെ നാലുകൂട്ടം!
വീശുന്ന കാറ്റിനുപോലുമി
ന്നേറെസുഗന്ധമായ്.
തിരുമേനിയെഴുന്നള്ളും മുൻപുതന്നെ
തിരുമുറ്റം തൂത്തു തളിക്കേണമല്ലോ!
തൃക്കാക്കരയപ്പന് പൂവടയുണ്ടാക്കാൻ
മുത്തശ്ശി തെല്ലുതിരക്കിലാണേ!
ഉത്രാടപ്പാച്ചിലിൽ നാടാകെ
ഉത്സാഹമോടെയെങ്ങും.
കാണം വിറ്റും ഓണമുണ്ണണ
മെന്നൊരു പഴമൊഴിയുണ്ടേ!
എത്ര ചിലവേറിയാലും നമ്മൾ
ആമോദത്തോടെ വരവേൽക്കയായ്
മനസ്സിൽ നന്മ നിറയുമീപൊന്നോണം.
ആമോദമോടെ വരവേറ്റിടും
ഓലക്കുട ചൂടീടും ഓണത്തപ്പനെ!
തൂശനിലയിട്ട് വിളമ്പും സദ്യ
ആനന്ദമോടെ ഭുജിക്കും മാനുഷരെല്ലാം.
ജയേഷ്പണിക്കർ
