ഹലോ..’
‘ആ.. പറയ്.’
‘ഞാനാരാണ് ?..’
പെട്ടല്ലോ തമ്പുരാനേ..
ബുദ്ധനും ശങ്കരനും ക്രിസ്തുവുമുൾപ്പെടെയുളള മഹാത്മാക്കൾ
അറിവിന്റെ മഹാപീഠം കയറിയപ്പോഴും സ്വയം ചോദിച്ച ചോദ്യം.!
അവർക്കുപോലുമതിനുത്തരം
പൂർണ്ണമായി കണ്ടെത്താനായിട്ടില്ല .
ആ ചോദ്യത്തിനുത്തരം തേടുകയാണ് ഓരോ ജൻമത്തിന്റെയും ആത്യന്തികലക്ഷ്യ- മെന്ന് ആറം തമ്പുരാനിലെ ലാലേട്ടൻ മാസ്ഡയലോഗടിച്ചത്
പെട്ടെന്നോർമ്മ വന്നു.
എന്തുപറയണം ?
‘നശ്വരമായൊരു ദേഹത്തിനുളളിലെ അനശ്വരമായ ദേഹിയാണ് നീ’യെന്നോ !
അതോ
‘ഞാനെന്നും നീയെന്നുമില്ല
അദ്വൈതമാണെല്ലാ’മെന്നോ..?!
ചിന്തയിലൊരു ‘ബബ്ബബ്ബ..’
ഉരുണ്ടുകൂടിവരുന്നു.
നാവ് കുഴയുന്നു..
എന്തുപറയും..?
തലകറങ്ങിവീഴണോ
ബോധം കെടണോയെന്ന്
ആലോചിച്ചുതുടങ്ങുംമുമ്പേ
അടുത്ത ചോദ്യം.
‘ഞാൻ ഉണ്ണീടെയാരാണ്?..’
ഹാവൂ
ആശ്വാസം..
‘നീയോ..
നീയെന്റെ പെണ്ണ്.’
‘എന്നിട്ടെന്താ
ഞാൻ വിളിച്ചിട്ട് ഫോണെടുക്കാത്തത്.? എത്ര നേരമായി വിളിക്കുന്നുണ്ണീ..’
പുറത്തേക്കുപോയ നിശ്വാസങ്ങളെല്ലാം
അകത്തേക്കുവലിച്ചെടുത്ത്
തലകറങ്ങുന്നില്ലെന്നുറപ്പുവരുത്തി
ചുറ്റും നോക്കി..
ഒരു സിഗററ്റിന്
തീകൊടുക്കുമ്പോളോർത്തു –
ഈ പെണ്ണെന്നു പേരുളള പ്രഹേളികയെക്കാൾ വലുതാണോ
ആദ്യം കേട്ട ചോദ്യം .!
എത്ര പെട്ടെന്നാണീ പെണ്ണുങ്ങൾ
ഓരോ പ്രാപഞ്ചികപ്രഹേളികകളെയും
ഒരൊറ്റച്ചോദ്യം കൊണ്ട്
തീരെ നിസ്സാരമായി
വെറുമൊരു
കടുകുമണിയോളം ചെറുതാക്കുന്നത്.!
അല്ല
അവളെ
കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
ഞാനെന്തിനാണുവെറുതേ
ഓരോന്നൊക്കെ
ചിന്തിച്ചുകൂട്ടിയത്.!
വെറുതെയല്ല
ഭൂമാതാ
ഗോമാതാ
വിജ്ഞാനമാതാ
പ്രപഞ്ചമാതാ..
എന്നിങ്ങനെയുളള
ഉത്തരമില്ലാത്ത എല്ലാ ചോദ്യങ്ങളുടെയും തലപ്പത്ത്
പെണ്ണുങ്ങളെ പ്രതിഷ്ഠിച്ചത്.!
അവരെത്ര പെട്ടെന്നാണ്
വലിയവലിയ കാര്യങ്ങളെ
ചെറുതാക്കുന്നതും
ചെറിയചെറിയകാര്യങ്ങളെ
നമ്മുടെ ലോകത്തേക്കാൾ
വലുതാക്കുന്നതും.!
