മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം ; പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ദേവസ്വങ്ങൾ നിർണായക തീരുമാനം

ദുരന്തത്തിന്റെ പാഠം ഉൾക്കൊണ്ട് സുരക്ഷ മുൻനിർത്തി പൂരം; വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം”
🚨

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ ദുരന്തത്തിൽ പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നതിനിടെ, പൂരം ആഘോഷങ്ങളെക്കുറിച്ച് നിർണായക തീരുമാനങ്ങളുമായി ദേവസ്വങ്ങൾ രംഗത്ത്. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ ഏകാഭിപ്രായത്തിലെത്തി.

ദുരന്തത്തിൽ പരുക്കേറ്റവർ തൃശ്ശൂർ മെഡിക്കൽ കോളജിൽ ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 10 പേരിൽ 4 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ ലൈസൻസി സതീഷ് മുണ്ടത്തിക്കോട് വെന്റിലേറ്ററിൽ തുടരുകയാണ്.

ഇതിനിടെ തിരിച്ചറിയാൻ കഴിയാത്ത ഒരു മൃതദേഹത്തിന്റെയും മറ്റ് ശരീരഭാഗങ്ങളുടെയും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരിക്കുകയാണ്. പരമാവധി നാല് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ അധികൃതർ ശ്രമം തുടരുന്നു. ഇന്നലെ തിരിച്ചറിഞ്ഞ എട്ട് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു. ദുരന്തസ്ഥലമായ പാടശേഖരത്തിൽ ഇന്നും കെഡാവർ നായകളെ ഉപയോഗിച്ച് വിശദമായ പരിശോധനകൾ നടത്തും.

ദേവസ്വങ്ങൾ ഉന്നതതല യോഗം ഇന്ന്

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അടിയന്തര ചർച്ചകൾ നടത്തി. സുരക്ഷയെ മുൻനിർത്തിയാണ് വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം. ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ ദേവസ്വം പ്രതിനിധികൾ, മന്ത്രിമാർ, ജില്ലാ ഭരണകൂടം എന്നിവരുടെ പങ്കാളിത്തത്തോടെ ഉന്നതതല യോഗം നടക്കും പൂരം പാരമ്പര്യം നിലനിർത്തുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാർഗരേഖകൾ രൂപപ്പെടുത്താനാണ് യോഗത്തിൽ ശ്രമിക്കുക.

സംസ്ഥാനത്താകെ അനുശോചനം

മുണ്ടത്തിക്കോട് ദുരന്തം സംസ്ഥാനത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും വേണ്ടി വിവിധ ഭാഗങ്ങളിൽ അനുശോചനങ്ങൾ രേഖപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *