ചൂടിന് ഇടവേള; ബുധനാഴ്ച മുതൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത — നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടുംചൂടിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമായി അടുത്ത ദിവസങ്ങളിൽ വേനൽമഴ എത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴുള്ള താപനില ഉയർച്ച തുടരുന്നതിനിടെ, രണ്ട് ദിവസത്തിനുള്ളിൽ മഴ ലഭിക്കുമെന്ന പ്രവചനം വലിയ ആശ്വാസമാണ് നൽകുന്നത്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ താപനില ഉയർന്നതിനാൽ യെല്ലോ അലർട്ട് ഇന്നും നിലനിൽക്കുകയാണ്. കടുത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യാതപം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യപരമായ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

മലയോര മേഖലകളിൽ അടുത്ത ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ലഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച മുതൽ വടക്കൻ ജില്ലകൾ ഉൾപ്പെടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക, മരങ്ങൾക്കു കീഴിൽ അഭയം തേടാതിരിക്കുക, വൈദ്യുത ഉപകരണങ്ങൾ സൂക്ഷ്മമായി ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. വേനൽ ചൂടിന് ഇടവേള നൽകി മഴ എത്തുന്നതോടെ കൃഷിക്കും ജലസ്രോതസ്സുകൾക്കും ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *