കൊടുംചൂടിന് ഇടവേള; ഇടിമിന്നലോട് കൂടിയ വേനല്‍മഴയ്ക്ക് തുടക്കം

ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴസാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപനം

സംസ്ഥാനത്ത് തുടര്‍ച്ചയായി അനുഭവപ്പെടുന്ന കൊടുംചൂടിന് ആശ്വാസമാകാന്‍ വേനല്‍മഴ എത്തുന്നു. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൂടിന്റെ തീവ്രത തുടരുന്ന സാഹചര്യത്തില്‍ മഴ ലഭിക്കുന്നത് താല്‍ക്കാലിക ശമനം നല്‍കുമെന്നാണു വിലയിരുത്തല്‍.

ഇന്ന് പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെ താപനില ഉയരാനും സാധ്യതയുണ്ട്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ അധിക താപനില രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇതിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്.

അതേസമയം ഉത്തരേന്ത്യയിലും ചൂട് കനക്കുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സീസണിലെ ആദ്യത്തെ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഏകദേശം 45 മിനിറ്റ് നീണ്ടുനിന്ന പൊടിക്കാറ്റ് ഗതാഗതത്തെയും വൈദ്യുതി വിതരണത്തെയും ബാധിച്ചു. ചില വിമാന സര്‍വീസുകളിലും തടസമുണ്ടായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മേയ് ഒന്നുവരെ ശക്തമായ ചൂടും പൊടിക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും, ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ട് സൂര്യപ്രകാശത്തില്‍ നീണ്ട സമയം ചെലവഴിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *