തമിഴകത്തിന് പുതിയ അധ്യായം; മുഖ്യമന്ത്രി പദത്തിൽ വിജയ്, TVK സർക്കാരിന് തുടക്കം

ചരിത്രനിമിഷത്തിന് സാക്ഷിയായി ചെന്നൈ; ജനക്കൂട്ടത്തിന്റെ കൈയടിയിൽ സത്യപ്രതിജ്ഞ ചെയ്ത് വിജയ് അധികാരത്തിലേക്ക്

ചെന്നൈ: തമിഴ്നാട്ടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഭംഗിയാർന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിജയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സിനിമാതാരത്തിൽ നിന്ന് രാഷ്ട്രീയനേതാവായി മാറിയ വിജയ്, ദീർഘകാലം തമിഴ്നാട് രാഷ്ട്രീയത്തെ നിയന്ത്രിച്ച ദ്രാവിഡ മുന്നണികൾക്ക് വെല്ലുവിളിയുയർത്തിയാണ് അധികാരത്തിന്റെ പടവുകൾ കയറിയത്.

TVK നേതാക്കളായ ആദവ് അർജുന്‍, എൻ. ആനന്ദ്, ശിവകാശിയിൽ നിന്ന് വിജയിച്ച യുവ നേതാവ് എസ്. കീർത്തന ഉൾപ്പെടെ ഒമ്പത് മന്ത്രിമാരും വിജയിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, വിവിധ ദേശീയ-സംസ്ഥാന നേതാക്കൾ, നടി തൃഷ അടക്കമുള്ള സിനിമാ പ്രമുഖർ എന്നിവർ പങ്കെടുത്തു.

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വിജയ് ഓരോ വാക്കും ചൊല്ലുമ്പോഴും സ്റ്റേഡിയം മുഴുവൻ കൈയടികളാലും ആവേശാരവങ്ങളാലും നിറഞ്ഞു. വിജയ് അധികാരമേൽക്കുന്നതിനെ സിനിമാ ആരാധകരും രാഷ്ട്രീയ പിന്തുണക്കരും ഒരുപോലെ ആഘോഷമാക്കി.

രാഷ്ട്രീയരംഗത്തെ പുതുമുഖമായിട്ടും രണ്ട് ശക്തമായ ദ്രാവിഡ മുന്നണികൾക്കെതിരെ പോരാടി 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്ന TVK, ആദ്യം ഭരണം രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നേടാനായില്ല. എന്നാൽ പിന്നീട് വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെ ആകെ സീറ്റ് നില 120 ആയി ഉയർന്നു. ഇതോടെയാണ് വിജയ് സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങിയത്.

തമിഴ്നാട്ടിൽ രാഷ്ട്രീയമാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം വിജയിന്റെ ഉയർച്ചയ്ക്ക് വഴിയൊരുക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പരിചയക്കുറവ് വെല്ലുവിളിയാകാമെന്ന ആശങ്ക ചിലർ ഉയർത്തുന്നുണ്ടെങ്കിലും, ജനങ്ങളുടെ പ്രതീക്ഷ വലിയതാണ്. അഴിമതി വിരുദ്ധ നിലപാടും യുവജന കേന്ദ്രീകൃത വികസന കാഴ്ചപ്പാടുമാണ് വിജയ് സർക്കാരിന്റെ പ്രധാന പരീക്ഷണക്കല്ലായി വിലയിരുത്തപ്പെടുന്നത്.

തമിഴക രാഷ്ട്രീയത്തിലെ സൂപ്പർതാരമായി വെള്ളിത്തിരയിൽ തിളങ്ങിയ വിജയ്, ഇനി ഭരണനേതാവെന്ന പുതിയ വേഷത്തിൽ ജനവിശ്വാസം എത്രത്തോളം കാത്തുസൂക്ഷിക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *