കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏതാനും ദിവസം മുൻപ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ടു പേർ മരിച്ചിരുന്നു. മൂന്നു മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. വീട്ടിലെ കിണർ വെള്ളമാണ് കുഞ്ഞിന് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതർ പറഞ്ഞിരുന്നു. മലപ്പുറം കാപ്പിൽ സ്വദേശിയായ റംല (52) ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജൂലൈ എട്ടിന് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര ബാധിതരുടെ എണ്ണം കൂടിവരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 2024ല്‍ 38 കേസുകളും 8 മരണവും 2025ല്‍ 12 കേസുകളും 5 മരണവുമാണ് ഉണ്ടായത്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല.
