കത്തുന്ന കേരളം: ഉഷ്ണ തരംഗം ശക്തം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും

പാലക്കാട് 41°C കടക്കും; കൊല്ലം, തൃശൂർ ജില്ലകളിലും കടുത്ത ചൂട് — നിയന്ത്രണങ്ങൾ കടുപ്പിച്ച് ഭരണകൂടം

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് ഇന്നും തുടരും. ഉയർന്ന താപനിലയെ തുടർന്ന് പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ താപനില റെഡ് അലർട്ട് തലത്തിലേക്ക് കടക്കില്ലെന്ന സൂചനകളുണ്ടെങ്കിലും കടുത്ത ചൂട് തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഇതുവരെ കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായ 41.9 ഡിഗ്രി സെൽഷ്യസ് പാലക്കാട് ജില്ലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്നാണ് പ്രവചനം. സൂര്യാഘാതം, സൂര്യാതപം, നീർജലീകരണം എന്നിവയുടെ സാധ്യത വർധിക്കുന്നതിനാൽ പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണം.

ഉഷ്ണ തരംഗ സാധ്യതയെ തുടർന്ന് കൊല്ലം ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. ഏപ്രിൽ 29 വരെ എല്ലാ സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്കും അവധിക്കാല ക്യാമ്പുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ നേരിട്ട് പങ്കെടുക്കുന്ന ക്ലാസുകൾക്കാണ് ഈ വിലക്ക് ബാധകം. കൂടാതെ, പകൽ സമയത്ത് പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കുന്നതിനുള്ള നിർദ്ദേശം കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ഓൺലൈൻ ഭക്ഷണ വിതരണക്കാർ, അതിഥി തൊഴിലാളികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ചൂട് മൂലമുള്ള അസുഖങ്ങൾ നേരിടുന്നതിനായി മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായിരിക്കണം. ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങൾ ദിവസേന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി പങ്കുവെക്കണമെന്നും നിർദേശം ഉണ്ട്.

പ്രധാന ട്രാഫിക് സിഗ്നലുകളിലും വിപണികളിലും ഗ്രീൻ ഷേഡ് നെറ്റുകൾ സ്ഥാപിക്കാനും പൊതുസ്ഥലങ്ങളിൽ തണ്ണീർപ്പന്തലുകൾ വഴി ശുദ്ധജല വിതരണം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉൾനാടൻ, ആഴക്കടൽ മത്സ്യത്തൊഴിലാളികൾ പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിലേറ്റുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

തീപിടിത്ത സാധ്യത കണക്കിലെടുത്ത് അഗ്നിരക്ഷാസേനയും വന്യമൃഗാക്രമണ സാധ്യത നേരിടാൻ വനം വകുപ്പും സജ്ജമായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനാൽ എല്ലാ വിഭാഗം ജനങ്ങളും മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *